National
ന്യൂഡൽഹി: മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ഒടിഎസ്ബി) അന്വേഷണം തുടങ്ങി. കഴിഞ്ഞ 15 നുണ്ടായ അപകടകത്തിൽ റൺവേയുടെ പുറത്തെ ലൈറ്റുകൾക്ക് കേടുപാട് പറ്റിയിരുന്നു.
കണ്ണൂരിലേക്കുള്ള ബോയിംഗ് 737 800 എൻജി വിമാനം കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുകയായിരുന്നു.
NRI
സാൻ ഫ്രാൻസിസ്കോ: എയർ ഇന്ത്യ തങ്ങളുടെ സിഗ്നേച്ചർ "മഹാരാജ ലോഞ്ച്' അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി.
വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ 3,300 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക ലോഞ്ച് ശനിയാഴ്ച മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും.
ഒരേസമയം 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ലോഞ്ചിൽ എയർ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും "മഹാരാജ ക്ലബ്' പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും പ്രവേശനം ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി കൂടുതൽ സ്വകാര്യതയുള്ള പ്രത്യേക വിഭാഗവും ഇവിടെയുണ്ട്.
ആധുനിക സൗകര്യങ്ങളും ഇന്ത്യൻ ആതിഥേയത്വവും സമന്വയിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ച് തുറന്നിരിക്കുന്നത്.
ഡൽഹിക്ക് ശേഷം എയർ ഇന്ത്യ ആരംഭിക്കുന്ന രണ്ടാമത്തെ സിഗ്നേച്ചർ മഹാരാജ ലോഞ്ചാണിത്. വൈവിധ്യമാർന്ന ഇന്ത്യൻ - അന്തർദേശീയ ഭക്ഷണങ്ങൾ ലഭിക്കുന്ന ലൈവ് കൗണ്ടറുകളും ബാറും ഇതിന്റെ പ്രത്യേകതകളാണ്.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ കോക്പിറ്റിൽ ഫയർ ഇന്റിക്കേഷൻ ലഭിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്.
എന്നാൽ എഞ്ചിനിൽ തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 160ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
Kerala
ന്യൂഡൽഹി: ബംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ഭാഗം നിലത്തുതട്ടി അപകടം. എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. വൻ ദുരന്തമാണ് ഒഴിവായത്.
എഐ2651 വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വ്യോമയാന വകുപ്പ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
Business
ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതും വിവിധ രാജ്യങ്ങൾ ആകാശപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണക്കിലെടുത്ത് എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളിൽ വൻ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി-ചിക്കാഗോ ഉൾപ്പെടെയുള്ള ആറ് പ്രമുഖ വിദേശ റൂട്ടുകളിലെ സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്കാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി-ചിക്കാഗോ റൂട്ടിനു പുറമെ മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പുർ, മുംബൈ-ധാക്ക, ഡൽഹി-മാലിദ്വീപ് എന്നീ റൂട്ടുകളിലെ വിമാനങ്ങളാണ് ഓഗസ്റ്റ് വരെ റദ്ദാക്കിയത്.
ഇന്ധനവില റിക്കാർഡ് നിലവാരത്തിലെത്തിയതും പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ചില വ്യോമപാതകൾ ഒഴിവാക്കി യാത്ര ചെയ്യേണ്ടി വരുന്നതും സർവീസുകളുടെ സാമ്പത്തിക ലാഭക്ഷമതയെ ബാധിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും പ്രതിമാസം 1,200-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ എയർ ഇന്ത്യ തുടർന്നും ഓപ്പറേറ്റ് ചെയ്യും.
വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 സർവീസുകളും യൂറോപ്പിലേക്ക് 47 സർവീസുകളും ബ്രിട്ടനിലേക്ക് 57 സർവീസുകളും നിലനിർത്തും. ഇതിനുപുറമെ ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടരും.
സർവീസുകൾ റദ്ദാക്കുന്നതു മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ അല്ലെങ്കിൽ സൗജന്യമായി മറ്റൊരു തീയതിയിലേക്കു മാറ്റാനോ ഉള്ള സൗകര്യം ലഭ്യമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
Business
മുംബൈ: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കുന്നതിന് വഴികളാലോചിച്ച് എയര്‍ ഇന്ത്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ലോകത്തെ ഒട്ടുമിക്ക വിമാനക്കമ്പനികളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് ഈ മാസമാദ്യം പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ഗുരുഗ്രാമിലെ ആസ്ഥാനത്ത് കഴിഞ്ഞദിവസം എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളില്‍ ധാരണയായെന്നാണു റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞദിവസം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചെലവുകള്‍ പരമാവധി കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംപെല്‍ വില്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെതന്നെ 10 മുതല്‍ 20 ശതമാനം വരെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അത് മൂന്നു മാസത്തേക്കു നപ്പിലാക്കാന്‍ തീരുമാനിച്ചു. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ വിടുന്നതിനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സാങ്കേതിക വിഭാഗത്തിലല്ലാത്ത ജീവനക്കാരെയാകും ശമ്പളമില്ലാത്ത അവധിയില്‍ പരിഗണിക്കുക.
ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിനുശേഷം പാക്കിസ്ഥാനുമുകളിലൂടെയുള്ള വ്യോമപാത ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉപേക്ഷിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. ഇതുമൂലം അന്താരാഷ്ട്ര റൂട്ടുകളുടെ ദൂരം കൂടി. ഇത് ഇന്ധനക്ഷമത കുറച്ചു. ഇറാന്-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വിലയും കുതിച്ചുയര്‍ന്നു.
പ്രതിസന്ധിയുണ്ടെങ്കിലും കമ്പനിയില്‍നിന്ന് ആരെയും പിരിച്ചുവിടില്ലെന്ന് എയര്‍ ഇന്ത്യ ചീഫ് ഹ്യൂമന്‍ റിസോഴ്സസ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ അറിയിച്ചു. ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണസ് കുറയ്ക്കാനും ശമ്പളത്തില്‍ കുറവുവരുത്താനും നിര്‍ദേശമുണ്ട്. വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയര്‍ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 22,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. മുന്‍വര്‍ഷം 10859 കോടിയായിരുന്നു നഷ്ടം.
ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ ചെലവിന്റെ 40 ശതമാനം വരെയാണു ഇന്ധനനിരക്ക് വരുന്നത്. എന്നാല്‍ നിലവില്‍ 50-60 ശതമാനം ഇന്ധന ചെലവ് വരുന്നുണ്ട്. ഇത് എല്ലാ എയര്‍ലൈനുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ആകാശപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധനയും കണക്കിലെടുത്ത് ജൂലൈ വരെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു.
പല വിദേശ റൂട്ടുകളും നിലവിൽ നഷ്ടത്തിലാണെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൻ ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു.
ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതിനോടകം സർവീസുകൾ കുറച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തില്‍നിന്ന് ഖത്തര്‍, ബഹറിന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ പുനരാരംഭിച്ചു.
കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ക്കു പുറമെ അമൃത്സര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലക്നോ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരണാസി എന്നിവിടങ്ങളില്‍നിന്നു ഗള്‍ഫ് മേഖലകളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
National
ബെംഗളൂരു: എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ പാതിവഴിയിൽ നിലച്ചതിനെത്തുടർന്ന് പൈലറ്റുമാർ ജാഗ്രതാ സന്ദേശം നൽകി വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
എയർബസ് എ320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം പുലർച്ചെ 2.05ന് പുറപ്പെടേണ്ടതിന് പകരം 2.15നാണ് പറന്നുയർന്നത്. എന്നാൽ, സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2.35 ഓടെ വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയരുന്ന സമയത്ത് വലിയ ശബ്ദം കേട്ടതായും തീപ്പൊരി കണ്ടതായും റിപ്പോർട്ടുകളുണ്ട്.
Business
ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം.
ഏപ്രില്‍ എട്ട് ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.
പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും.
അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
National
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മേയ് 31 വരെയാണ് സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.
ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ എൽഅൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾമാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
National
ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്.
കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി കാനഡയിലെ വാൻകൂവറിലേക്ക് അയച്ചത്.
ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്.
വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്.
ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമയാന ഇന്ധനങ്ങളുടെ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഇൻഡിഗോക്കും എയർ ഇന്ത്യക്കും പിന്നാലെ ആകാശ എയറും യാത്രക്കാരിൽനിന്ന് ഇന്ധന സർചാർജ് ഈടാക്കുന്നു.
ഇന്ന് അർധരാത്രി മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 199 രൂപ മുതൽ 1300 രൂപ വരെ അധിക ചാർജുകൾ ഈടാക്കുമെന്ന് ആകാശ എയർ പ്രഖ്യാപിച്ചു.
മധ്യപൂർവേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എയർലൈനിന്റെ പ്രവർത്തന ചെലവുകളിൽ പ്രധാന ഘടകമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) വില വർധിപ്പിക്കുന്നതിനു കാരണമായെന്നാണ് തീരുമാനത്തെ ന്യായീകരിച്ചു ആകാശ എയർ ചൂണ്ടിക്കാട്ടുന്നത്.
സമാനകാരണങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ കന്പനികൾ ഇതിനോടകം തന്നെ സമാന ചാർജുകൾ ഈടാക്കിയതിനു പിന്നാലെയാണ് ആകാശ എയറും വിമാനച്ചെലവിന്റെ വർധന മൂലമുണ്ടായ ലാഭനഷ്ടം യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലൂടെ കുറയ്ക്കാൻ ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: വ്യോമയാന ഇന്ധനത്തിന്റെ വില വർധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. പിന്നാലെയാണ് എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും ആവശ്യം.
ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്.
എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
ദുബായി: പ്രവാസികൾക്കായി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 10-ന് യുഎഇയിലേയ്ക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും. ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്‍ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്.
ദുബായിയിലേയ്ക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിയിലേയ്ക്ക് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ (മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേയ്ക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ഡൽഹി. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേയ്ക്ക് 14 സർവീസുകൾ നടത്തും. ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും
NRI
ബെര്‍ലിന്‍: ഇസ്രയേല്‍ - ഇറാന് സൈനിക നീക്കം ശക്തമായതോടെ യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വലിയ പ്രതിസന്ധിയില്‍. ഇറാന് വ്യോമാതിര്‍ത്തി അടച്ചതും മിസൈല്‍ ആക്രമണ ഭീഷണിയും കാരണം ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സുരക്ഷിത പാതകളിലൂടെ തിരിച്ചുവിടുകയാണ്.
∙ സര്‍വീസുകള്‍ വെട്ടിക്കുറച്ചു പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലെ സര്‍വീസുകളില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്.
∙ റദ്ദാക്കല്‍: ഇസ്രയേലിലേക്കും ഇറാനിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഭൂരിഭാഗം സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു.
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - കൊച്ചി തുടങ്ങിയ സര്‍വീസുകളുടെ യാത്രാ സമയം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് അധിക ഇന്ധന ചെലവിനും കാരണമാകുന്നു.
∙ പ്രത്യേക സര്‍വീസുകള്‍: ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ 23 പ്രത്യേക സര്‍വീസുകള്‍ ഇന്ന് നടത്തുന്നുണ്ടെങ്കിലും യൂറോപ്യന്‍ റൂട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്.
∙ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരിച്ചു പോകാനിരിക്കുന്നവരുമായ പ്രവാസികള്‍ വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നിലവില്‍ വിമാനങ്ങള്‍ റദ്ദാക്കിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കാനോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യം എയര്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
∙ സുരക്ഷയ്ക്കാണ് മുന്‍ഗണന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. സംഘര്‍ഷ മേഖലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കില്ലെന്ന് എയര്‍ ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് യാത്രാ സമയം വര്‍ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ജര്‍മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളെയും കാര്യമായി ബാധിച്ചു തുടങ്ങി.
ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനാല്‍ ജര്‍മ്മനിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വിമാനത്തിലിരിക്കേണ്ടി വരും.
∙ ജര്‍മനിയിലെ നിലവിലെ സ്ഥിതി ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും താഴെ പറയുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക:
∙ യാത്രാ സമയം: ഇറാന് വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും ഒഴിവാക്കി ഈജിപ്ത്, സൗദി അറേബ്യ അല്ലെങ്കില്‍ മധ്യേഷ്യ വഴി ചുറ്റിക്കറങ്ങി പറക്കുന്നതിനാല്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ അധിക സമയം യാത്രയ്ക്കായി വേണ്ടിവരും.
∙ സര്‍വീസ് മാറ്റങ്ങള്‍: സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കാനോ സമയം മാറ്റാനോ സാധ്യതയുണ്ട്.
∙ കണക്ഷന് വിമാനങ്ങള്‍: ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റുകളില്‍ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഇത്തിഹാദ്) നാട്ടിലേക്ക് പോകാനിരുന്ന പല പ്രവാസികളും നിലവില്‍ ജര്‍മനിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങള്‍ ആലോചിക്കുന്നുണ്ട്.
∙ യാത്രക്കാര്‍ ചെയ്യേണ്ടത് ഫ്ലൈറ്റ് സ്ററാറ്റസ് പരിശോധിക്കുക: എയര്‍ ഇന്ത്യയുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നിങ്ങളുടെ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
റീഫണ്ട്/റീ ബുക്കിംഗ്: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അധിക ചെലവില്ലാതെ തീയതി മാറ്റാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ എയര്‍ ഇന്ത്യ സൗകര്യം നല്‍കുന്നുണ്ട്.
മുന്‍കൂട്ടി എത്തുക: വിമാനത്താവളങ്ങളിലെ തിരക്കും പരിശോധനകളും കണക്കിലെടുത്ത് നേരത്തെ തന്നെ ചെക്ക്ഇന്‍ കൗണ്ടറുകളില്‍ എത്താന്‍ ശ്രമിക്കുക.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുകളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
ഫ്ലൈറ്റുകള്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റാനോ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.
National
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കാൻ കൂടുതൽ വലിയ വിമാനങ്ങൾ സജ്ജമാക്കി എയർ ഇന്ത്യ. യുദ്ധസാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 350 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു.
മൂന്നിന് രാത്രി വൈകി ഡൽഹിയിൽനിന്ന് ദുബായിലേക്ക് ബോയിംഗ് 787-9 വിമാനവും നാലിന് പുലർച്ചെ മുംബൈയിൽനിന്ന് ദുബായിലേക്ക് മറ്റൊരു വിമാനവുമാണ് സർവീസ് നടത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി.
ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നേരത്തെ നിയന്ത്രിത സർവീസുകൾ തുടങ്ങിയത് മലയാളികൾക്കടക്കം വലിയ ആശ്വാസമായിട്ടുണ്ട്. ഗൾഫ് മേഖലയിൽനിന്ന് 10 സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങി. ജിദ്ദയിൽനിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ.
മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. വിദേശ വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഡൽഹി, മുംബൈ, മംഗളൂരൂ, കോഴിക്കോട്, കൊച്ചി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ.
എയർഇന്ത്യ യുഎഇ സർവീസുകൾ ഇന്നുകൂടി റദ്ദാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യുഎസ് സർവീസുകൾ വീണ്ടും തുടങ്ങി.
National
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന്റെ രാജ്യാന്തര സർവീസിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രിക്കു കത്തെഴുതി കോണ്‍ഗ്രസ് എംപി ഗുർജീത് സിംഗ് ഓജ്ല.
കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഉയർന്ന നിരക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നില്ല. പ്രവർത്തിക്കാത്ത വിനോദ ഉപകരണങ്ങൾ (സീറ്റിനു പിന്നിലെ സ്ക്രീൻ), തകർന്ന സീറ്റുകൾ, വൃത്തിഹീനമായ സാഹചര്യം തുടങ്ങിയവ നിമിത്തം യാത്രക്കാർ കഷ്ടപ്പെടുന്നതായി കത്തിൽ പറയുന്നു.
എയർ ഇന്ത്യ വിമാനങ്ങൾ നവീകരിക്കുന്നുണ്ടെങ്കിലും അതു പൂർത്തിയാകാൻ രണ്ടു വർഷത്തോളം കാത്തിരിക്കണം. അതുവരെ യാത്രക്കാർ ദുരിതമനുഭവിക്കുന്നത് കണ്ടുനിൽക്കാൻ സാധിക്കില്ല.
കാനഡ, ഓസ്ട്രേലിയ, യുകെ, യുഎസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ അടിയന്തര പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ഓജ്ല കത്തിൽ ആവശ്യപ്പെട്ടു. ദീർഘദൂര യാത്രയിൽ നേരിട്ട ദുരനുഭവത്തെത്തുടർന്ന് യാത്രക്കാരനു നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാസം എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ നിർദേശിച്ചിരുന്നു.
International
ദുബായി: ഹൈദരാബാദിൽനിന്നു ദുബായിലേക്ക് നേരിട്ട് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 29 മുതലാണ് സർവീസുകൾ തുടങ്ങുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡിൽ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് ആരംഭിക്കുക.
യാത്രക്കാർക്ക് 500 രൂപ മുതൽ ആരംഭിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ വിമാനത്തിനുള്ളിൽ ഓർഡർ ചെയ്യാം. നിലവിൽ ഹൈദരാബാദിൽനിന്ന് അബുദാബി, ബഹ്റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
ഈ മാസം ആദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് 20 ശതമാനം വരെ ഇളവ് നൽകുന്ന പ്രത്യേക സെയിൽ എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരുന്നത്. കൂടുതൽ സർവീസുകൾ വരുന്നത് ഹൈദരാബാദിൽനിന്ന് ദുബായിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും ടിക്കറ്റ് നിരക്കിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.
പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.
National
ന്യൂഡല്‍ഹി: മതിയായ അനുമതിയില്ലാതെയും യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയും സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ അനുമതിയില്ലാതെ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍.
സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി. എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപ്പോര്‍ട്ടാണ് എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്.
എയര്‍വോര്‍ത്തിനസ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു സര്‍വീസ്. എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി അഞ്ചിനാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണമെന്നാണ് നിര്‍ദേശം.
Business
കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു.
ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങള്‍ക്കും സ്റ്റാര്‍ അലയന്‍സ് അംഗങ്ങള്‍ക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്നു നല്‍കും.
യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചില്‍ ഒരേസമയം 300 പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി.
National
മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാങ്കേതിക പരിശോധനകൾക്കായി മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കോയമ്പത്തൂരിലേക്ക് പോകാൻ പറന്നുയരുന്നതിന് മുന്നോടിയായി ടാക്സിവേയിൽ കാത്തുകിടന്ന എയർ ഇന്ത്യ വിമാനത്തിന്റെയും സമാന്തര റൺവേയിൽ ലാൻഡ് ചെയ്ത ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. എയർബസ് എ-320 വിമാനങ്ങളാണ് സംഭവത്തിലുൾപ്പെട്ട രണ്ട് വിമാനങ്ങളും.
International
ന്യൂഡൽഹി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.
National
ന്യൂഡൽഹി: ദീഘദൂര വിമാനയാത്രയിൽ മോശം സേവനത്തിന്റെ പേരിൽ ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എയർ ഇന്ത്യയോടു നിർദേശിച്ചു.
ഗുണനിലവാരമില്ലാത്ത സീറ്റുകൾ, പ്രവർത്തനരഹിതമായ വിനോദ സംവിധാനങ്ങൾ, മോശം ഭക്ഷണവും ശുചിമുറിയും, പ്രതികരണമില്ലാത്ത കാബിൻ ക്രൂ തുടങ്ങിയ കാര്യങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്.
വലിയ തുക യാത്രയ്ക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കന്പനി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതിച്ചെലവായും നൽകാൻ ഉത്തരവിട്ടു.
2023ൽ ഡൽഹിയിൽനിന്നു ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്പോഴാണ് പരാതിക്കാർക്കു വിമാനക്കന്പനിയിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. അതേസമയം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടതു നിരസിച്ചതാണ് പരാതിക്കു കാരണമെന്നാണ് എയർ ഇന്ത്യയുടെ വാദം.
എന്നാൽ, ഇതു നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ പണം നൽകിയ യാത്രക്കാരന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കന്പനികൾക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോമിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതു നിരസിച്ചു. യാത്ര പൂർത്തിയാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി തള്ളി.
Business
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു-ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും. തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20 ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും.
ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി-ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും. തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും.
വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും. ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
NRI
കൊച്ചി: എയര്‍ ഇന്ത്യയും സൗദി അറേബ്യന്‍ എയര്‍ലൈനായ സൗദിയയും തമ്മില്‍ കോഡ് ഷെയറിംഗ് ആരംഭിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയധികം പ്രയോജനകരമാകുന്ന ഈ കരാര്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
നേരിട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒന്നിലേറെ വിമാനകമ്പനികള്‍ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിംഗ്. എയര്‍ ഇന്ത്യയില്‍ ജിദ്ദയിലേക്കോ റിയാദിലേക്കോ പോകുന്ന യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അവിടെ നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിലൂടെ ദമാം, അബഹ, ഗസിം, ജിസാന്‍, മദീന, തായിഫ് എന്നിവിടങ്ങളിലേക്ക് കണക്ഷന് വിമാനങ്ങള്‍ ലഭിക്കും.
ജിദ്ദ - റിയാദ് റൂട്ടില്‍ കോഡ്ഷെയര്‍ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഒരു നഗരത്തില്‍ എത്തി മറ്റൊരു നഗരത്തില്‍ നിന്ന് മടങ്ങാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ വര്‍ഷം ആരംഭിക്കും.
മുംബൈ, ഡല്‍ഹി വഴി ഇന്ത്യയിലെത്തുന്ന സൗദിയയുടെ യാത്രികര്‍ക്ക് അവിടുന്ന് കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ, ജയ്പുര്‍ ഉള്‍പ്പടെ 15ലധികം ഇടങ്ങളിലേക്ക് ഇന്റര്‍ലൈന്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും.
2022-ലെ സ്വകാര്യവത്കരണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ആഗോള നെറ്റ്വര്‍ക്ക് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. നിലവില്‍, ലോകമെമ്പാടുമുള്ള മുന്‍നിര വിമാനക്കമ്പനികളുമായി 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളും ഏകദേശം 100 ഇന്റര്‍ലൈന്‍ കരാറുകളും എയര്‍ ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്.
ഇതിലൂടെ യാത്രികര്‍ക്ക് ആഗോളതലത്തില്‍ 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സുതാര്യമായ യാത്രയാണ് ഒരുക്കുന്നത്.
NRI
കൊച്ചി: ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ ബഹ്റിന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍. ജനുവരി 31നകം എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
ബഹ്റിന് (0.2 ബിഎച്ച്ഡി), കുവൈറ്റ് (0.2 കെഡി), ഒമാന്‍ (0.2 ഒഎംആര്‍), ഖത്തര്‍ (1 ക്യൂഎആര്‍), സൗദി അറേബ്യ (2 എസ്എആര്‍), യുഎഇ (2 എഇഡി) എന്നിങ്ങനെയാണ് ഒരു കിലോയുടെ നിരക്ക്. അഞ്ച് അല്ലെങ്കില്‍ പത്ത് കിലോയുടെ അധിക ബാഗേജുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ഈ സെക്ടറുകളില്‍ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നത്.
10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.
Kerala
ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്‍കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
NRI
റിയാദ്: നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് എയർ ഇന്ത്യ സ്റ്റ്രെച്ചർ അനുവദിച്ചില്ലെന്ന് പരാതി ഉയരുന്നു. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് പരാതി ഉയർന്നത്.s
റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസിക്കാണ് (56) സ്റ്റ്രെച്ചർ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാത്തത്. കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു.
ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടൻ തന്നെ സുമേഷിയിലെ കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റ്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും സ്റ്റ്രെച്ചർ സൗകര്യം ഒരുക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്റ്റ്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെ തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധിയെ ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള എയർ ഇന്ത്യയുടെയും മറ്റു വിമാനക്കന്പനി കളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അന്താരാഷ്ട്ര യാത്രകൾക്കു പോലും ആവശ്യമായി വരുന്ന തുകയിലധികം രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കു ചാർജ് ഈടാക്കുകയാണ്. ഇതു പകൽക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല. പ്രതിസന്ധി പരിഹരിക്കാൻ വ്യോമമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ബിനോയ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങൾ റദ്ദാക്കിയത്. ഇൻഡിഗോ മാത്രം റദ്ദാക്കിയത് 150 ഓളം സർവീസുകളാണ്. എയർ ഇന്ത്യയും നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവാണെന്നും ചെക്കിൻ സോഫ്റ്റ്വെയറിലെ തകരാറാണെന്നും വിവരങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
മൊത്തം സർവീസുകളിൽ വെറും 35 ശതമാനം മാത്രമേ ഇൻഡിഗോ കഴിഞ്ഞ ദിവസം സർവീസ് നടത്തിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ച മാത്രം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങൾ പ്രകാരം കൂടുതൽ ജീവനക്കാരുടെ പട്ടിക തയാറാക്കുന്നതിനാൽ എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://www.goindigo.in/check-flight-status.html എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപഭോക്താക്കളോട് എയർലൈൻ അഭ്യർഥിച്ചു.
National
ന്യൂഡൽഹി: തകരാറുകൾ പരിഹരിച്ച് വിമാന ഗതാഗതം പൂർവസ്ഥിതിയിലാക്കിയെന്ന് എയർ ഇന്ത്യ. തേഡ് പാർട്ടി സോഫ്റ്റ്വെയറിലുണ്ടായ തകരാറാണ് ചെക്ക് ഇൻ സംവിധാനത്തെ ബാധിച്ചത്. ഇതേത്തുടർന്നാണ് വിമാന സർവീസുകൾ വൈകിയത്.
മുക്കാൽ മണിക്കൂറോളം സോഫ്റ്റ്വെയർ തകരാറിലായി. തേഡ് പാർട്ടി സംവിധാനം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലെയും ചെക്ക് ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നണ്ടെന്നും ഞങ്ങളുടെ എല്ലാ വിമാനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തു.
ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങളും വൈകിയിരുന്നു. ബുക്കിംഗിനും റിസർവേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ എയർലൈനുകൾ ഉപയോഗിച്ചിരുന്ന അമാഡിയുസ് സോഫ്റ്റ്വെയറിലാണ് തകരാറുണ്ടായത്.
National
ന്യൂഡൽഹി: എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിന് നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു.
സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ പുക മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തി. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ എഐ 2939 വിമാനത്തിലാണ് സംഭവം.
ഡൽഹിയിൽ നിന്ന് 170 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. പുക മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
National
ന്യൂഡൽഹി: വിമാനത്തിൽ പുക ഉയർന്നതിനെതുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ എഐ 2939 നമ്പർ ഡൽഹി - അഹമ്മദാബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
ഡൽഹി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ കാർഗോ ഭാഗത്ത് പുക കണ്ടതിനെതുടർന്ന് വിമാനം തിരിച്ചിറക്കിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
രാത്രി 10.20 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പുകളോ വിശദീകരണമോ വന്നിട്ടില്ല.
National
ലണ്ടൻ: അന്നു രമേഷിനെ ലോകം മുഴുവൻ ഇങ്ങനെ വാഴ്ത്തി, മഹാഭാഗ്യവാൻ! 241 മനുഷ്യർ താഴേയ്ക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിനൊപ്പം കത്തിയമർന്നപ്പോൾ ആ തീമഴയുടെ മധ്യത്തിലൂടെ ജീവിതത്തിലേക്കു നടന്ന ഏക യാത്രക്കാരനെ ഭാഗ്യവാൻ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.
അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച് വാർത്തകളിൽ നിറഞ്ഞ വിശ്വാസ് കുമാർ രമേഷ് പറയുന്നത് എന്നാൽ, അന്നു മുതൽ തന്റെ നിർഭാഗ്യങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നുവെന്നാണ്. അന്നത്തെ രക്ഷപ്പെടൽ ഒരു അദ്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നു നടന്നു പുറത്തേക്കുവരുന്ന രമേഷിന്റെ ചിത്രങ്ങൾ ലോകമെന്പാടും വൈറലായിരുന്നു. മഹാഭാഗ്യവാനെന്ന് അന്നു ലോകം വിളിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരനെ വിമാനദുരന്തത്തിൽ നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു രമേഷിന്റെ നിർഭാഗ്യങ്ങൾ.
ഇപ്പോഴും ചികിത്സയിൽ
ലീസെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോഴത്തെ തന്റെ അവസ്ഥ മാധ്യമങ്ങളോടു പങ്കുവച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജയ് നഷ്ടമായതിന്റെ വേദന ഇപ്പോഴും വേട്ടയാടുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറി(പിടിഎസ്ഡി) എന്ന പ്രശ്നം അലട്ടുന്ന രമേഷ് അതിനുള്ള ചികിത്സയിലാണ്. ഭാര്യയോടും നാലു വയസുകാരനായ മകനോടുമൊപ്പം പഴയതുപോലെ സന്തോഷിച്ചുല്ലസിച്ചു കഴിയാൻ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുവദിക്കുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ തോന്നും. വീട്ടിലുള്ളവരോടു പോലും അധികം സംസാരിക്കാൻ തോന്നുന്നില്ല. ദുരന്തം ഏല്പിച്ച ശാരീരികക്ഷതങ്ങൾ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
അലട്ടുന്ന വേദനകൾ
വേദനകളോടെയാണ് മിക്കപ്പോഴും ഉറക്കമുണരുന്നത്. കാലിനും കാൽമുട്ടിനും പുറത്തും തോളിനുമൊക്കെ ഇപ്പോഴും വേദന. ജോലി ചെയ്യാനോ വാഹനം ഒാടിക്കാനോ കഴിയുന്നില്ല. നടക്കുന്നതിനു പോലും പ്രയാസം. മാനസിക ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സാന്പത്തിക പ്രശ്നവും അലട്ടിത്തുടങ്ങിയിരിക്കുന്നു. എയർ ഇന്ത്യ 25 ലക്ഷം രൂപ രമേഷിനു നൽകിയിരുന്നു. എന്നാൽ, അതു ചികിത്സയ്ക്കു പോലും തികയില്ലെന്നു കുടുംബം പറയുന്നു.
ഇന്ത്യയിലെ കുടുംബ ബിസിനസ് നടത്തിയിരുന്നത് രമേഷും സഹോദരനും ഒന്നിച്ചായിരുന്നു. സഹോദരനെ നഷ്ടപ്പെടുകയും രമേഷ് ചികിത്സയിലാവുകയും ചെയ്തതോടെ കുടുംബബിസിനസുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എല്ലാവരും തന്നെ മറന്നു തുടങ്ങി. ഇത്രയും പറഞ്ഞിട്ട് രമേഷ് ചോദിക്കുന്നു, പറയൂ എന്നെ എങ്ങനെ ഇപ്പോൾ മഹാഭാഗ്യവാൻ എന്നു വിളിക്കാനാകും...! എയർ ഇന്ത്യ സിഇഒയെ ഏതെങ്കിലും രീതിയിൽ കാണാൻ അവസരം ലഭിച്ചാൽ തന്റെ അവസ്ഥ ബോധ്യപ്പെടുത്തി എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രമേഷ്.
National
നാഗ്പുര്‍: നാഗ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്നുയർന്ന ഉടൻ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വെള്ളിയാഴ്ച മുംബൈയിലേക്കു പറന്ന എഐ 466 വിമാനമാണ് മുന്‍കരുതൽ നടപടിയെന്ന നിലയിൽ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരക്ഷാപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
NRI
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
National
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
NRI
കൊച്ചി: ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്കുന്ന 'വണ്‍ ഇന്ത്യ ഫെയര്‍' സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാന നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ ഏഴിന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ ബുക്കിംഗ്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം.
കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം. ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും അവസരമുണ്ട്.
ഇതിലൂടെ യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ബോക്സിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് വിശകലനം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബ്ലാക്ക് ബോക്സുകൾക്ക് പുറമെ കോക്ക്പിറ്റ് വോയ്സ് റിക്കാർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റിക്കാർഡർ (എഫ്ഡിആർ) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ ഒരു ബ്ലാക്ബോക്സിൽനിന്നു ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുത്തതായും മെമ്മറി മോഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ എഎഐബിയുടെ ലാബിൽ ബുധനാഴ്ച ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായും ഡിജിസിഎ ഇന്നലെ അറിയിച്ചു.
ബ്ലാക്ക് ബോക്സ്, സിവിആർ, എഫ്ഡിആർ തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അപകടത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചും ദുരന്തത്തിന് മുൻപുണ്ടായ സംഭാഷണങ്ങൾ, വിമാനത്തിലെ സാഹചര്യം, പൈലറ്റ് നൽകിയ നിർദേശം, കോക്പിറ്റിലെ സംഭാഷണം, വിമാനത്തിനുള്ളിലെ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാം. വിമാനത്തിലെ രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്തിരുന്നു.
ഇതോടൊപ്പം വിമാനത്തിൽ ഇന്നും കണ്ടെടുത്ത സിവിആർ, എഫ്ഡിആർ എന്നിവയുടെ ഗതാഗതം, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചാണ് പൂർത്തിയാക്കിയതെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ജൂണ്‍ 13ന് എഫ്ഡിആറും 16ന് സിവിആറും കണ്ടെടുത്തത്തിരുന്നു. വ്യോമസേന വിമാനത്തിൽ ജൂണ്‍ 24നാണ് ഇവയെല്ലാം ഡൽഹിയിൽ എത്തിച്ചത്. തീപിടിത്തത്തിൽ ബ്ലാക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായും ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ബ്ലാക് ബോക്സ് അമേരിക്കയിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമയാന മന്ത്രിതന്നെ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.
എഎഐബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാന നിർമാണ കന്പനിയുടെ മാതൃരാജ്യത്ത് (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അപകട കാരണങ്ങൾ കണ്ടെത്തുന്നതിന് രൂപീകരിച്ച അന്വേഷണ സംഘത്തിലുള്ളത്. അന്തരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം രൂപീകരിച്ചത്.
National
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എടുത്തത്.
ഈ വിവരങ്ങൾ ദില്ലിയിലെ ലാബിൽ പരിശോധിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ, അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
ജൂൺ 13ന് വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
National
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ (എഐസി 114) വിമാനമാണ് സൗദിയിലെ റിയാദിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.
ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഇതോടെ, വിമാനം അടിയന്തരമായി നിലത്തിറക്കുകയും യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. ലഗേജുകള്‍ പോലു എടുക്കാന്‍ ആരെയും അനുവദിച്ചില്ല.
തുടർന്ന് പരിശോധനകള്‍ക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Business
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിമാനജീവനക്കാർക്കുള്ള ഡ്യൂട്ടി സമയപരിധിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. നിലവിൽ ഒരു ദിവസം പത്തു മണിക്കൂറാണ് വിമാന ജീവനക്കാർക്ക് അനുവദിക്കാവുന്ന പരമാവധി യാത്രാസമയമായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഈ സമയപരിധി എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ മറികടന്നുവെന്ന് കണ്ടെത്തിയാണ് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മേയ് 16നും 17നും എയർ ഇന്ത്യയുടെ ബംഗളൂരു-ലണ്ടൻ വിമാനത്തിലെ ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ പത്തു മണിക്കൂറിലേറെ ഡ്യൂട്ടിസമയം നൽകിയെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. സമയപരിധി ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാൻ ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
National
ന്യൂഡൽഹി: ഇന്നുമുതൽ ജൂലൈ 15 വരെ 38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വൈഡ് ബോഡി അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്.
ഡൽഹി - നയ്റോബി റൂട്ടിലെ നാല് സർവീസുകളും അമൃത്സർ - ലണ്ടൻ, ഗോവ - ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് അടുത്തമാസം 15 വരെ താത്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്.
ഇതിനുപുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽനിന്നു പുറപ്പെടുന്നതും തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതുമായ 38 സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനാൽ അധികനേരം പറക്കൽ ആവശ്യമായി വരുന്നതിനാലും എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാപരിശോധനകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നാണു കമ്പനിയുടെ വിശദീകരണം.
യാത്ര മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കുകയോ പൂർണ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ആഭ്യന്തര വിമാനസർവീസുകളും കാര്യമായ പ്രതിസന്ധി നേരിടുകയാണ്. നിരവധി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുംമൂലം യാത്രക്കാർ ദുരിതത്തിലാണ്.
ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിച്ചത്. ഇന്നലെ പൂനയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയതായും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരുടെ ഡിഎൻഎ പരിശോധന ഇതുവരെ പൂർത്തിയായില്ല. ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഇതുവരെ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. 83 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയെന്നും സംഘ്വി അറിയിച്ചു. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്.
National
കോൽക്കത്ത: എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ നിന്ന് കോൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ സംഭവിച്ചത്.
ഇതേത്തുടർന്ന്, കോൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. വിമാനത്തിന്റെ ഇടതു വശത്തെ എൻജിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചിറക്കിയിരുന്നു.
National
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 294 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൈമാറുന്നതിനുള്ള നടപടികൾ തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷമേ വിട്ടുകൊടുക്കൂ. ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണം നടക്കുന്നത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന.
ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
അതിനിടെ, വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. ഇത് ഫോറൻസിക് ലാബിന് കൈമാറും.
വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണു കത്തി. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയന്‍ പൗരനുമാണ്.
യാത്രക്കാരിൽ 11 കുട്ടികളും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മലയാളിയും മരിച്ചു. യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരാണു മരിച്ച മലയാളി.
Kerala
പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കും.
വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. തുടർന്ന് തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷം മറ്റൊരു സഹോദരനായ രഞ്ജിത്തിനൊപ്പം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായർ (38) നാട്ടില്‍ വന്ന് തിരികെ മടങ്ങവേയാണ് ദുരന്തം. ബുധനാഴ്ച വൈകുന്നേരം നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.